Sunday, February 16, 2014

അമ്മ പറഞ്ഞ 8 നുണകള്‍...

1) ദാരിദ്ര്യം... നിറഞ്ഞുനിന്നിരുന്ന ആ വീട്ടില്‍ എല്ലാ ദിവസവും രാത്രി ഭക്ഷണം കഴിക്കുമ്പോള്‍ മകന്‍റെ പാത്രത്തിലേക്ക് തന്‍റെ പങ്കുകൂടി അമ്മ ഇട്ടുകൊടുക്കുമായിരുന്നു. അമ്മക്ക് വേണ്ടേ എന്ന മകന്‍റെ ചോദ്യത്തിന് എനിക്കു വിശപ്പില്ലെന്നായിരുന്നു അമ്മയുടെ സ്ഥിരമായ മറുപടി. 2) വളരെ അപൂര്‍വമായിട്ടായിരുന്നു വീട്ടില്‍ മീന്‍ വാങ്ങിയിരുന്നത്.കഷണങ്ങള്‍ മകന് നല്‍കിയിട്ട് മുള്ളുകള്‍ മാത്രമായിരുന്നു അമ്മ കഴിച്ചിരുന്നത്.മീന്‍ കഷണങ്ങള്‍ ഇഷ്ട്ടമല്ലെന്നായിരുന്നു അമ്മ പറഞ്ഞിരുന്നത്..... 3) മകന്‍റെ പഠനത്തിനായി അടുത്തുള്ള തീപ്പട്ടികംബനിയില്‍ അമ്മ ജോലിക്ക് പോയിരുന്നു. ഫാക്ടരിയില്‍നിന്നും സാധനങ്ങള്‍ കൊണ്ടുവന്നു രാത്രികളില്‍ വീട്ടിലിരുന്നും അമ്മ ജോലി ചെയ്യുമായിരുന്നു.ഒരു തണുപ്പുള്ള രാത്രിയില്‍ മകന്‍ ഉറക്കം തെളിഞ്ഞപ്പോള്‍ ജോലി ചെയ്യുന്ന അമ്മയെ ആണ് കണ്ടതു , അമ്മ എന്താണു കിടക്കാത്തതെന്നുള്ള ചൊദ്യത്തിനു ഉറക്കം വരുന്നില്ലെന്നായിരുന്നു ഉത്തരം. 4)പിതാവിന്‍റെ പെട്ടന്നുള്ള മരണം അമ്മയുടെയും മകന്‍റെയും ജീവിതം കൂടുതല്‍ ദുഷ്കരമാക്കി. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ മറ്റൊരു വിവാഹത്തിനു നിര്‍ബന്ധിച്ചെങ്കിലും സ്നേഹിക്കാനുള്ള മനസ്സ് നഷ്ട്ടമായതുകൊണ്ട് വിവാഹം വേണ്ടാ എന്നാണ് അമ്മ എല്ലാവരോടും പറഞ്ഞതു... 5) മകന്‍ പത്താം ക്ലാസ് പരീക്ഷക്കായി അര്‍ദ്ധരാത്രി വരെ പഠിക്കുമ്പോള്‍ അമ്മയും അവനോടൊപ്പം ഉറങ്ങാതിരിക്കുമായിരുന്നു.രാത്രിയില്‍ മകനു ചായ കൊടുക്കുമ്പോള്‍ അമ്മ എന്താണ് ചായ കുടിക്കാത്തതെന്നു ചോദിക്കുമ്പോള്‍ രാത്രിയില്‍ ചായ ഇഷ്ട്ടമല്ലെന്നയിരുന്നു മറുപടി. 6) കോളേജ് വിദ്യാഭ്യാസത്തിനായി മകന്‍ പട്ടണത്തിലേക്കാണ് പോയത്.പഠനത്തോടൊപ്പം ഒരു ജോലിയും അവനു ലഭിച്ചു. അമ്മയുടെ കഷ്ട്ടപാടുകളെകുറിച്ചു ബോധ്യമുണ്ടായിരുന്നതുകൊണ്ട് അവന്‍ ചിലവുകള്‍ ചുരുക്കി ചെറിയൊരു തുക അമ്മക്കയച്ചുകൊടുത്തു .എനിക്കിപ്പോള്‍ പണത്തിനു യാതൊരു ബുദ്ധിമുട്ടുമില്ല,ഭക്ഷണ കാര്യങ്ങളില്‍ നീ കൂടുതല്‍ ശ്രദ്ധിക്കണമെന്നുള്ള കുറിപ്പോടെ അമ്മ ആ പണം തിരിച്ചയച്ചു. 7) വിദ്യാഭ്യാസം കഴിഞ്ഞ ഉടന്‍തന്നെ അവനു വിദേശത്തു ജോലി ലഭിച്ചു. അമ്മയെ കൂടി കൊണ്ടുപോവാനായിരുന്നു മകന്‍റെ പദ്ധതി.പക്ഷേ,ഉയര്‍ന്ന നിലയിലോന്നും ജീവിക്കാന്‍ ഇഷ്ട്ടമല്ലെന്ന് പറഞ്ഞു അമ്മ പോകാന്‍ തയ്യാറായില്ല ( താന്‍കൂടി ചെന്നാല്‍ വിദേശത്തെ ചെലവ് താങ്ങാന്‍ മകനു കഴിയില്ലെന്നു അമ്മക് അറിയാമായിരുന്നു). അമ്മക്ക് കാന്‍സര്‍ ആണെന്നുള്ള വിവരമറിഞ്ഞാണ് മകന്‍ നാട്ടിലേക്കു വന്നത്‌ .പാതി മറഞ്ഞ ബോധാത്തിനിടയിലും ആശുപത്രിയിലെ കിടക്കയില്‍വെച്ചു മകനെ നോക്കി ചിരിച്ചുകൊണ്ട് അമ്മ പറഞ്ഞു തീരെ വേദനയില്ലെന്നു.പിറ്റേ ദിവസം അമ്മ മരിക്കുകയും ചെയ്തു.. അമ്മമാരുടെ സ്നേഹത്തിനു ചിലപ്പോള്‍ നുണയുടെ രൂപമുണ്ടാവും.ഓരോ നുണകളും അമ്മമാരുടെ ഓരോ ത്യാഗങ്ങള്‍ ആയിരുന്നുവെന്നു എല്ലാ മക്കളും അറിയുന്നു .എന്നിട്ടും എത്രയോ അമ്മമാരാണ് ഓരോ ദിവസവും വഴിയരികുകളിലും അനാഥാലയങ്ങളിലും ഉപേക്ഷിക്കപെടുന്നത് ഒരുനിമിഷം തന്റെ അമ്മ തനിക്കുവേണ്ടി സഹിച്ചിട്ടുള്ള കഴ്ട്ടപ്പാടുകള്‍ ഓര്‍ത്തു നോക്കു. അപ്പോള്‍ അറിയാം ... എല്ലാതിനെക്കളും ഏതിനെക്കളും ശ്രേഷ്ഠം മാതാവു തന്നെ

Wednesday, August 3, 2011

മരണത്തിന്റെ റിംഗ്‌ ടോണ്‍... മാനക്കേടിന്റെയും








മരണത്തിന്റെ റിംഗ്‌ ടോണ്‍... മാനക്കേടിന്റെയും



തൃശൂര്‍ നഗരത്തിലെ തിരക്കേറിയ ബസ്സ്റ്റാന്‍ഡ്‌. രാവിലെ പത്തോടെ ബഹളം കേട്ട്‌ ഓടിക്കൂടിയവര്‍ കണ്ടതു 'കരിങ്കുറ്റി' പോലൊരു സ്‌ത്രീ മെലിഞ്ഞുണങ്ങിയ പയ്യനെ കോളറിനു കുത്തിപ്പിടിച്ചു ബഹളം വയ്‌ക്കുന്നതാണ്‌. കേട്ടാലറയ്‌ക്കുന്ന തെരുവുപ്രസംഗത്തില്‍നിന്നുതന്നെ പ്രേക്ഷകര്‍ക്കു കാര്യം പിടികിട്ടി. മൊബൈല്‍ ഫോണിലെ 'കളമൊഴി' കേട്ടു പാവം കോളജ്‌ പയ്യന്‍ വിളിച്ചുവരുത്തിയതാണത്രേ മഹിളാമണിയെ. മിസ്‌ഡ് കോള്‍ പരിചയം ഇങ്ങനെയൊരു മാനക്കേടാകുമെന്നു പയ്യനോര്‍ത്തില്ല. നേരില്‍ കണ്ടിട്ടില്ലെങ്കിലും സാരിയുടെ നിറംവരെ തിരുവനന്തപുരത്തുനിന്നെത്തിയ 'സുന്ദരി' ഫോണില്‍ ധരിപ്പിച്ചിരുന്നു. കാമുകിയുടെ തനിസ്വരൂപം കണ്ടു മുങ്ങാന്‍ നോക്കിയ പയ്യനെ തല്‍സമയം മൊബൈലില്‍ ബെല്ലടിപ്പിച്ചു പിടികൂടിയതിന്റെ ക്ലൈമാക്‌സാണു സ്‌റ്റാന്‍ഡില്‍ അരങ്ങേറിയത്‌. ഒടുവില്‍ തിരിച്ചുപോകാനുള്ള ചെലവായി 1500 രൂപ നല്‍കിയാണു വിളറിവെളുത്ത പയ്യന്‍ തടിയൂരിയത്‌.

കൗമാരം പിന്നിട്ട പയ്യനു പറ്റിയ അക്കിടിയായി ഈ സംഭവം ചിരിച്ചുതള്ളേണ്ടതില്ല. മിസ്‌ഡ് കോളില്‍ കുരുക്കി എട്ടുംപൊട്ടും തിരിയാത്ത, സഹോദരിമാരായ സ്‌കൂള്‍ വിദ്യാര്‍ഥിനികളെ സുഖവാസകേന്ദ്രത്തില്‍ കൂട്ടിക്കൊണ്ടുപോയ ഞെട്ടിക്കുന്ന സംഭവവും അടുത്തിടെയാണുണ്ടായത്‌. മൂന്നാര്‍ കാണിക്കാമെന്നു പ്രലോഭിപ്പിച്ചു തൃശൂര്‍ ചേര്‍പ്പിനടുത്തു ചാഴൂരില്‍നിന്നു പെണ്‍കുട്ടികളെ കൊണ്ടുപോയ ഗള്‍ഫുകാരനും സുഹൃത്തുമാണു പിടിയിലായത്‌. മലപ്പുറം പേരശന്നോര്‍ സ്വദേശികളായ മുഹമ്മദ്‌ ഷെഫീഖ്‌, കോടലോടിപറമ്പില്‍ സുഹൈര്‍ എന്നിവര്‍ പെണ്‍കുട്ടികളുമൊത്തു മൂന്നാറില്‍നിന്നു മടങ്ങുമ്പോള്‍ ഹൈവേ പോലീസിന്റെ വലയിലാകുകയായിരുന്നു. കുട്ടികളുടെ മാതൃസഹോദരനാണെന്നു പറഞ്ഞു തടിതപ്പാനുള്ള നീക്കം പോലീസ്‌ മാതാപിതാക്കളെ വിളിച്ചു വിവരം തിരക്കിയപ്പോള്‍ പൊളിഞ്ഞു. വീട്ടുകാരോട്‌ കൂട്ടുകാരിയുടെ വീട്ടില്‍ പോകുന്നെന്നു പറഞ്ഞാണു സഹോദരിമാര്‍ 'ചേട്ടന്‍മാര്‍'ക്കൊപ്പം മുങ്ങിയത്‌.

ചാവക്കാട്ട്‌ വീട്ടമ്മയെ മിസ്‌ഡ് കോള്‍ പ്രണയം പൊല്ലാപ്പിലാക്കിയതു സ്വര്‍ണത്തട്ടിപ്പിന്റെ രൂപത്തിലാണ്‌. രാത്രി സ്‌ഥിരമായി വന്ന മിസ്‌ഡ് കോളാണു ഭര്‍ത്താവു ഗള്‍ഫിലുള്ള വീട്ടമ്മയെ വീഴ്‌ത്തിയത്‌. മാന്യമായി സംസാരിച്ചു വിശ്വാസമാര്‍ജിച്ച യുവാവ്‌ ഒരുനാള്‍ നേരിട്ടു വീട്ടിലെത്തി. കള്ളക്കഥ പറഞ്ഞു വീട്ടമ്മയുടെ സ്വര്‍ണം കടംവാങ്ങിയാണു 'മാന്യസുഹൃത്തു' സ്‌ഥലംവിട്ടത്‌. സ്വര്‍ണം തിരിച്ചുതരാമെന്നു പറഞ്ഞ പല അവധികള്‍ കഴിഞ്ഞതോടെ യുവതി വെപ്രാളത്തിലായി. അതിനിടെ ഭര്‍ത്താവ്‌ നാട്ടിലെത്തുന്ന ദിവസമായതോടെ മനോവിഭ്രാന്തിയിലായി. നല്ലവനായ ഭര്‍ത്താവിന്റെ സാന്ത്വനത്തിലാണു യുവതി പഴയനിലയിലേക്കു തിരിച്ചുവന്നത്‌.

കോഴിക്കോട്‌ ജില്ലയില്‍ മാത്രം രണ്ടായിരത്തിലധികം സൈബര്‍ കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തെന്നാണു പോലീസിന്റെ കണക്ക്‌. മിസ്‌ഡ് കോളുകളിലൂടെ പരിചയപ്പെട്ടശേഷമുള്ള പീഡനത്തെക്കുറിച്ചുള്ള പരാതികളാണ്‌ ഏറെയും. കേസെടുക്കരുതെന്ന നിബന്ധനയോടെയാണു പരാതിക്കാര്‍ പോലീസിലും സൈബര്‍സെല്ലിലും വിവരമറിയിക്കുന്നത്‌. കൊയിലാണ്ടിക്കടുത്തുള്ള വിദ്യാര്‍ഥിനി മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട യുവാവിനെ തിരക്കി നാടുവിട്ടത്‌ അടുത്തിടെയാണ്‌. പോലീസ്‌ പിന്നീടു പ്രതിയെ പിടികൂടി. 2008 നവംബര്‍ 17-ന്‌ ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനികളായ വേണി, ജൂലി, അനിലബാബു എന്നിവര്‍ വിഷംകഴിച്ചു ജീവനൊടുക്കിയതു സഹപാഠികളുമായുള്ള അതിരുവിട്ട ബന്ധം മൊബൈല്‍ ഫോണ്‍ കാമറയില്‍ പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്‌തതിനേത്തുടര്‍ന്നായിരുന്നു.

പ്ലസ്‌വണിനു പഠിക്കുന്ന മകളുടെ നിര്‍ബന്ധം സഹിക്കാതെയാണു കൊച്ചി തേവരയിലെ ഉദ്യോഗസ്‌ഥദമ്പതികള്‍ ആധുനിക മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുത്തത്‌. സ്‌കൂളില്‍ മൊബൈലിനു വിലക്കുണ്ടായിട്ടും, കൂട്ടുകാരികള്‍ക്കു മൊബൈലുണ്ടെന്നു പറഞ്ഞാണു മകള്‍ വഴക്കിട്ടത്‌. എന്നാല്‍ ഫോണ്‍ ലഭിച്ചശേഷം മകള്‍ക്കുണ്ടായ മാറ്റങ്ങള്‍ മനസിലാക്കാന്‍ അവര്‍ക്കു കഴിയാതെപോയി. സ്‌കൂളില്‍നിന്നു വീട്ടിലെത്തിയാല്‍ മൊബൈലില്‍ കിന്നാരം പറഞ്ഞിരുന്നതു കൂട്ടുകാരികളുമായാണെന്ന്‌ അവര്‍ കരുതി. എറണാകുളത്തെ പ്രശസ്‌തമായ സ്‌കൂളില്‍, പഠിക്കാന്‍ മിടുക്കിയായിരുന്ന അവളുടെ ജീവിതം മെല്ലെ വഴിതെറ്റുകയായിരുന്നു. രാത്രി വൈകിയെത്തിയ മിസ്‌ഡ് കോളില്‍ തുടക്കം. രാത്രിയിലെ മധുരഭാഷണങ്ങളിലൂടെ വളര്‍ന്ന ബന്ധത്തിനു സുഭാഷ്‌ പാര്‍ക്കിലെയും മറൈന്‍ഡ്രൈവിലെയും തണലുകള്‍ പോരാതെ വന്നപ്പോള്‍ ഹൗസ്‌ബോട്ടില്‍ ആലപ്പുഴയില്‍ പോയി ചുറ്റി. അത്തരമൊരു യാത്രയില്‍ അവളുടെ സൗന്ദര്യം മൊബൈലില്‍ പകര്‍ത്തിയ കാമുകന്‍ പിന്നീട്‌ അതുകാട്ടി ഭീഷണി തുടങ്ങിയപ്പോഴാണ്‌ അവള്‍ ചതിക്കുഴി തിരിച്ചറിഞ്ഞത്‌. ഒടുവില്‍ ആത്മഹത്യക്കായി മനസിനെ ഒരുക്കി മുറിയടച്ചപ്പോള്‍ കൃത്യസമയത്തു മാതാപിതാക്കള്‍ കതകില്‍ തട്ടിവിളിച്ചു. 10-ാം ക്ലാസില്‍ 94% മാര്‍ക്ക്‌ വാങ്ങിയ അവള്‍ ഇപ്പോള്‍ അങ്കമാലിയില്‍ മാനസികാരോഗ്യ വിദഗ്‌ധന്റെ ചികിത്സയിലാണ്‌.

കോളിളക്കം സൃഷ്‌ടിച്ച കോതമംഗലം പെണ്‍വാണിഭക്കേസിലും മൊബൈല്‍ ഫോണായിരുന്നു വില്ലന്‍. സഹപാഠിയുടെ മൊബൈല്‍ നമ്പറില്‍ വിളിച്ച്‌ അശ്ലീലസംഭാഷണങ്ങള്‍ നടത്തിയാണു പെണ്‍കുട്ടിയെ പീഡനത്തിലേക്കു നയിച്ചത്‌. എറണാകുളം ജില്ലയിലെ പ്രശസ്‌തമായ വനിതാകോളജ്‌ ഹോസ്‌റ്റലില്‍ സഹപാഠിയുടെ നഗ്നത മൊബൈല്‍ കാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ചതും അടുത്തിടെ. മൊബൈല്‍ കെണിയിലായ പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി സഹപാഠികളെക്കൂടി കുരുക്കുന്ന സംഭവങ്ങളും ജില്ലയില്‍ ഏറെയുണ്ടായിട്ടുണ്ടെന്നു പോലീസ്‌ പറയുന്നു. കൂണുപോലെ പൊട്ടിമുളയ്‌ക്കുന്ന മൊബൈല്‍ കടകള്‍ ഇത്തരക്കാരുടെ സ്‌ഥിരം താവളമാണ്‌. അശ്ലീല ക്ലിപ്പിംഗുകള്‍ കുട്ടികളിലെത്തുന്നത്‌ ഇത്തരം കടകളിലൂടെയാണ്‌. ബിരുദവിദ്യാര്‍ഥിനിയുടെയും ഭര്‍ത്താവ്‌ വിദേശത്തുള്ള വീട്ടമ്മയുടെയും ഉള്‍പ്പടെ അശ്ലീല സംഭാഷണങ്ങള്‍ ഇന്റര്‍നെറ്റില്‍ സുലഭം.

കായംകുളം ചേരാവള്ളിയില്‍ മധ്യവയസ്‌കയുടെ ജീവന്‍ കവര്‍ന്നതു പാലക്കാട്‌ സ്വദേശിയുമായുള്ള അടുപ്പമാണ്‌. ഫോണില്‍ പരിചയപ്പെട്ട യുവാവിനെ വീട്ടിലേക്കു ക്ഷണിച്ചുവരുത്തുകയായിരുന്നു റഷീദയെന്ന വീട്ടമ്മ. ഉത്തേജകമരുന്നെന്ന വ്യാജേന ഉറക്കഗുളിക നല്‍കിയശേഷം 'കാമുകന്‍' റഷീദയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി ആറരപവന്റെ ആഭരണങ്ങളുമായി കടന്നു. കാമുകന്റെ ശല്യം സഹിക്കാതെ വീട്ടമ്മ വിഷംകൊടുത്തു കൊലപ്പെടുത്തിയതു കായംകുളം കൃഷ്‌ണപുരത്താണ്‌. നക്കനാല്‍ രാജ്‌നിവാസില്‍ മിഷിയാരാജ്‌ ചവറ സ്വദേശിയായ കാമുകന്‍ സനല്‍കുമാറി(35)നെ 2010 മേയ്‌ നാലിനാണു കൊലപ്പെടുത്തിയത്‌. ഫോണിലൂടെ വളര്‍ന്ന ബന്ധം അവിഹിതബന്ധത്തിലെത്തുകയും പിന്നീടു പണംചോദിച്ചു നിരന്തരം ശല്യപ്പെടുത്തുകയും ചെയ്‌തതോടെയാണു സനലിനെ ഇല്ലാതാക്കാന്‍ മിഷയ തീരുമാനിച്ചത്‌.

ബംഗളുരുവില്‍ എം.എസ്സി. നഴ്‌സിംഗ്‌ പഠനത്തിനിടെ പരിചയപ്പെട്ട ജൂനിയര്‍ വിദ്യാര്‍ഥിയുമായുള്ള മൊബൈല്‍ ഫോണ്‍ ബന്ധമാണു ഹരിപ്പാട്‌ പള്ളിപ്പാട്‌ സ്വദേശിയായ ഷീബയെ വധിക്കാന്‍ ഭര്‍ത്താവിനെ പ്രേരിപ്പിച്ചത്‌. രാത്രി ഫോണിലൂടെ കാമുകനുമായി നിരന്തരം സംസാരിക്കുന്നതു കണ്ടെത്തിയ ഭര്‍ത്താവ്‌ കൊലയാളിയായി. വിവാഹമോചിതയാണെന്നു പറഞ്ഞു വിശ്വസിപ്പിച്ചതിനാലാണു ഷീബയുമായി അടുപ്പം പുലര്‍ത്തിയതെന്നായിരുന്നു യുവാവിന്റെ മൊഴി. ചെങ്ങന്നൂരില്‍ അധ്യാപികയുമായുള്ള മൊബൈല്‍ ഫോണ്‍ ചങ്ങാത്തം യുവാവിന്റെ ജീവന്‍ നഷ്‌ടപ്പെടുത്തിയതും അടുത്തിടെ. അധ്യാപികയുടെ ഭര്‍തൃസഹോദരന്‍ ബന്ധം ചോദ്യം ചെയ്‌തപ്പോള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ചെറിയനാട്‌ സ്വദേശിയായ യുവാവ്‌ ട്രെയിനിടിച്ചു മരിക്കുകയായിരുന്നത്രേ.

ഒന്നരവര്‍ഷം മുമ്പാണു കാമുകനൊപ്പം പൊന്നാനിയില്‍ കടല്‍ കാണാനെത്തിയ യുവതിയെ മൂന്നിലേറെപ്പേര്‍ ചേര്‍ന്നു പീഡിപ്പിച്ചത്‌. കാമുകനെ അടിച്ചോടിച്ച യുവാക്കള്‍ യുവതിയെ കടലിന്റെ സുരക്ഷാഭിത്തിക്കടുത്തു കൊണ്ടുവന്നു മാനഭംഗപ്പെടുത്തി. ഈ രംഗം മൊബൈലില്‍ പകര്‍ത്തുകയുംചെയ്‌തു. ചിത്രങ്ങള്‍ ബ്ലൂടൂത്ത്‌ വഴിയും ഇന്റര്‍നെറ്റിലും പ്രചരിച്ചതോടെ പ്രതികളെ പോലീസ്‌ പിടികൂടി.

കാമുകനൊപ്പം കറങ്ങുന്നതു വീട്ടിലറിയിച്ച യുവാവിനെ സ്‌കൂള്‍ വിദ്യാര്‍ഥിനി കുടുക്കിയത്‌, പീഡിപ്പിച്ചു മൊബൈല്‍ ഫോണില്‍ ചിത്രമെടുത്തെന്ന പേരില്‍! പാലക്കാട്‌ വടക്കഞ്ചേരിയിലാണു സംഭവം. മൂന്നുപേര്‍ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നു കാട്ടി പ്ലസ്‌ടു വിദ്യാര്‍ഥിനിയാണു പോലീസില്‍ പരാതി നല്‍കിയത്‌. തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ സംഭവം കെട്ടിച്ചമച്ചതാണെന്നു തെളിഞ്ഞു. മംഗലംഡാമിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുന്ന കിഴക്കഞ്ചേരി അമ്പിട്ടന്‍തരിശ്‌ വേളാമ്പുഴ സ്വദേശിയായ വിദ്യാര്‍ഥിനിയും കാന്തളം സ്വദേശിയുമായി പ്രേമത്തിലായിരുന്നു. കാമുകനൊപ്പം പാലക്കാട്ടും തൃശൂരിലും കറങ്ങി തിരിച്ചെത്തിയപ്പോഴേക്കു വിവരം വീട്ടിലറിഞ്ഞു. അതോടെ പെണ്‍കുട്ടി അടവുമാറ്റി. വീട്ടില്‍ വിവരമറിയിച്ച യുവാവു തട്ടിക്കൊണ്ടുപോയി മൊബൈലില്‍ ചിത്രമെടുത്തെന്നായി പരാതി. യുവാവ്‌ പറഞ്ഞപ്രകാരം കാമുകനെ പോലീസ്‌ ചോദ്യം ചെയ്‌തപ്പോള്‍ വിദ്യാര്‍ഥിനി പറഞ്ഞതെല്ലാം കെട്ടിച്ചമച്ചതാണെന്നു കണ്ടെത്തി. വടക്കഞ്ചേരിയിലെ ധനികകുടുംബാംഗമായ പെണ്‍കുട്ടി അടുത്തിടെ ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടിയതും മൊബൈല്‍ ഫോണ്‍ പരിചയത്തിലൂടെയാണ്‌. വീട്ടുകാരുടെ രഹസ്യാന്വേഷണത്തില്‍ വിദ്യാര്‍ഥിനിയെ കാമുകനൊപ്പം കോയമ്പത്തൂരില്‍ കണ്ടെത്തി.

മൊബൈല്‍ പ്രണയത്തിനൊടുവില്‍ പതിനേഴുകാരി കാമുകനെ തേടിയെത്തിയതും തിരസ്‌കരിക്കപ്പെട്ടപ്പോള്‍ ജീവനൊടുക്കിയതും കോട്ടയത്ത്‌. കുമരകം സ്വദേശിയായ പെണ്‍കുട്ടി കോട്ടയം നഗരപ്രദേശത്തെ യുവാവുമായി പരിചയപ്പെട്ടതു മൊബൈല്‍ ഫോണിലൂടെയാണ്‌. ബന്ധം വളര്‍ന്നതോടെ പെണ്‍കുട്ടി യുവാവിനെ തേടിയെത്തി. യുവാവ്‌ തിരസ്‌കരിച്ചതോടെ പെണ്‍കുട്ടി ബഹളംവച്ചു. തുടര്‍ന്നു പോലീസ്‌ യുവാവിനെ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി കേസൊതുക്കി. പിന്നീടു വീട്ടിലെത്തിയ പെണ്‍കുട്ടി മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തുകയും മൂന്നാംനാള്‍ മരിക്കുകയുമായിരുന്നു. സംഭവം വിവാദമാകാതെ ഒതുക്കിത്തീര്‍ക്കാന്‍ രാഷ്‌ട്രീയപ്പാര്‍ട്ടികളും രംഗത്തിറങ്ങി.

.

Saturday, July 16, 2011

നല്ല ഓര്‍മകള്‍ ബാക്കിയാവട്ടെ


അബ്‌ദുല്‍വദൂദ്‌

പരിചയമുള്ളവരോട്‌ നമുക്ക്‌ അടുപ്പം കൂടും. അവരെപ്പറ്റി കൂടുതല്‍ അടുത്തറിയും. കൂടുതല്‍ പരിചയമുള്ളവരെ കൂടുതല്‍ അറിയും, അല്ലേ? എങ്കില്‍ നമുക്ക്‌ ഏറ്റവും നന്നായി അറിയുന്നത്‌ നമ്മെയായിരിക്കും. കാരണം മറ്റാരെക്കാളും കൂടുതല്‍ നമുക്ക്‌ പരിചയമുള്ളത്‌ നമ്മെയാണല്ലോ. അപ്പോള്‍ തിരുത്താനും പോരായ്‌മകള്‍ പരിഹരിക്കാനും വേഗം കഴിയുന്നതും സ്വന്തം ജീവിതത്തില്‍ തന്നെയാവും.

എല്ലാവര്‍ക്കും മാപ്പു നല്‍കേണ്ടവരാണു നാം. എത്ര വലിയ അപരാധം നമ്മോട്‌ ചെയ്‌തവര്‍ക്കും എല്ലാം മറന്ന്‌ പൊറുത്തുകൊടുക്കണം. എന്നാല്‍ അത്രയെളുപ്പം നാം പൊറുത്തുകൊടുക്കാന്‍ പാടില്ലാത്ത ഒരാള്‍ ഈ ലോകത്തുണ്ട്‌. അയാള്‍ ചെയ്‌ത തിന്മകള്‍ ഒരിക്കലും നിസ്സാരമായി കാണരുത്‌. ആരാണയാള്‍? നേരത്തെ പറഞ്ഞ -നമുക്കേറ്റവും പരിചയമുള്ള ആളാണത്‌- നമ്മളാണത്‌.

നാം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ കാണുന്നുണ്ട്‌. നല്ല കാര്യങ്ങളെ അവര്‍ പുകഴ്‌ത്തുന്നു. നമ്മെക്കുറിച്ച്‌ നല്ല അഭിപ്രായങ്ങള്‍ പറയുന്നു. പക്ഷേ, നമ്മള്‍ ചെയ്‌ത കര്‍മങ്ങളെക്കുറിച്ച്‌ അവര്‍ക്കൊന്നും അറിയാത്ത ചില കാര്യങ്ങള്‍ നമുക്കറിയാം. പുകഴ്‌ത്തപ്പെടാന്‍ മാത്രം അര്‍ഹമാണോ അവ എന്നും നമുക്കറിയാം. നമ്മെപ്പറ്റി നമുക്കറിയുന്നത്ര മറ്റുള്ളവര്‍ക്ക്‌ അറിയുമായിരുന്നെങ്കില്‍ ഒരിക്കലും അവരൊന്നും നമ്മെ പുകഴ്‌ത്തുകയില്ലായിരുന്നുവെന്ന്‌ ചിലപ്പോഴെങ്കിലും നമുക്ക്‌ തോന്നാറുണ്ടെങ്കില്‍, അടിയന്തരമായ പരിഹാരങ്ങള്‍ നമ്മില്‍ ആവശ്യമുണ്ട്‌.

സ്വയം വിചാരണയുടെ സന്ദര്‍ഭങ്ങള്‍ പെരുകേണ്ട ജീവിതമാണ്‌ നമ്മുടേത്‌. ആരെക്കാളുമധികം സ്വന്തം ജീവിതത്തെ വിലയിരുത്താന്‍ സാധിച്ചിട്ടും തന്ത്രപൂര്‍വം അതില്‍ നിന്ന്‌ മാറിനില്‍ക്കാനാണ്‌ പലരും പലപ്പോഴും ശ്രമിക്കാറുള്ളത്‌. വിമര്‍ശനങ്ങളെ ഒട്ടും ഇഷ്‌ടപ്പെടാതിരിക്കുകയും പുകഴ്‌ത്തലുകളില്‍ മൗനമായി മന്ദഹസിക്കുകയും ചെയ്യുന്നത്‌ ചെറിയ മനസ്സുള്ളവരുടെ ലക്ഷണമാണ്‌.

സ്വയം പുകഴ്‌ത്തുന്നതിനെയും മറ്റുള്ളവരെ അമിതമായി പുകഴ്‌ത്തുന്നതിനെയും തിരുനബി(സ) അങ്ങേയറ്റം വെറുത്തിട്ടുണ്ട്‌. `മണ്ണ്‌ വാരിയെറിയേണ്ട ദുശ്ശീല'മെന്ന്‌ മുഖസ്‌തുതിയെ വിശേഷിപ്പിക്കുകയും ചെയ്‌തു. ഇസ്‌ലാമിക സദസ്സുകളിലും സ്റ്റേജുകളില്‍ പോലും ഈ ദുശ്ശീലം പെരുകിയതിന്റെ ദുര്‍ഗതി നമ്മളനുഭവിക്കുന്നുമുണ്ട്‌. സ്വന്തത്തെ ചെറുതായും മറ്റുള്ളവരെയെല്ലാം വലുതായും കാണുന്നത്‌ നല്ല രീതിയാണ്‌.

സ്വന്തത്തെക്കുറിച്ച്‌ വിശ്വാസം പുലര്‍ത്തുന്നവര്‍ക്ക്‌ കൂടുതല്‍ മികച്ച വിജയങ്ങള്‍ കൈവരിക്കാനുമാകും. അതേസമയം നമുക്ക്‌ ഏറ്റവും നന്നായി പരിചയമുള്ള നമ്മെ നാം തന്നെ പുകഴ്‌ത്തുന്നത്‌ വളരെ വിലകുറഞ്ഞ അശ്ലീലമായിത്തീരും. മറ്റുള്ളവരെപ്പറ്റി നല്ല മതിപ്പും ഇഷ്‌ടവും മനസ്സില്‍ സൂക്ഷിക്കുമ്പോള്‍ തന്നെ മുഖസ്‌തുതി പറഞ്ഞ്‌ പുകഴ്‌ത്തുമ്പോള്‍ ``നീ അയാളെ നശിപ്പിച്ചുകളഞ്ഞു'' എന്നാണ്‌ തിരുനബിയുടെ താക്കീത്‌.


മുപ്പത്തിയഞ്ച്‌ വര്‍ഷം ഇമാം അഹ്‌മദുബ്‌നു ഹന്‍ബലിന്റെ കൂടെ കഴിഞ്ഞ ഒരു ശിഷ്യന്‍ പറഞ്ഞത്‌ ഇങ്ങനെയായിരുന്നു: ``ഒരിക്കല്‍ പോലും ഇമാം ആത്മപ്രശംസ നടത്തുന്നത്‌ ഞാന്‍ കേട്ടിട്ടില്ല''


എത്ര കേടുതീര്‍ത്താലും നമുക്ക്‌ മതിവരാന്‍ പാടില്ലാത്തത്‌ നമ്മുടെ കാര്യത്തില്‍ തന്നെയായിരിക്കണം. വേറെയാരെയും അങ്ങനെ കേടുതീര്‍ക്കേണ്ട ഉത്തരവാദിത്വം നമ്മെ ഏല്‍പിച്ചിട്ടില്ല. ``സ്വന്തം പോരായ്‌മകള്‍ അന്വേഷിക്കുന്നതിനിടയില്‍ ജനങ്ങളുടെ പോരായ്‌മകള്‍ തേടിപ്പോകാത്തവര്‍ക്ക്‌ മംഗളങ്ങള്‍'' എന്ന്‌ അലി(റ) പ്രശംസിച്ചത്‌ അങ്ങനെയുള്ളവരെയാണ്‌.


നമുക്കുള്ളതു പോലെ ഗുണവും ദോഷവും ഓരോ വ്യക്തിയിലുമുണ്ട്‌. ഗുണങ്ങളെ അമിതമായി വാഴ്‌ത്താനോ ദോഷങ്ങളെ പെരുപ്പിക്കാനോ നമുക്ക്‌ അര്‍ഹതയില്ല. അതുകൊണ്ടാണ്‌ പുകഴ്‌ത്തിപ്പറയുന്നതിനെയും ആക്ഷേപിക്കുന്നതിനെയും ഇസ്‌ലാം കഠിനമായി വെറുത്തത്‌.


അംഗീകാരം ഇഷ്‌ടപ്പെടാത്ത ആരുമില്ല. അര്‍ഹതയുള്ളവരെ അംഗീകരിക്കാത്തത്‌ അഹങ്കാരവുമാണ്‌. ഏത്‌ ചെറിയ കുഞ്ഞിന്റെ നന്മയെയും തിരുനബി(സ) അംഗീകരിച്ചിരുന്നു. അസ്‌വദുല്‍ അജശ്ശിനോട്‌ തിരുനബി(സ) പറയുന്നത്‌ നോക്കൂ: ``താങ്കളില്‍ രണ്ട്‌ ഗുണങ്ങളുണ്ട്‌, സൂക്ഷ്‌മതയും അവധാനതയും.'' ആരെയും അംഗീകരിക്കുന്ന മനസ്സാണിത്‌. ഗുരുനാഥന്‍ എന്ന നിലയിലുള്ള തിരുനബി(സ)യുടെ ഏറ്റവും വലിയ വിജയം അംഗീകരിക്കാനുള്ള വലിയ മനസ്സു തന്നെയായിരുന്നു.


``തീര്‍ച്ചയായും താങ്കള്‍ വിവേകശാലിയും പക്വമതിയുമാണ്‌'' എന്ന്‌ ശുഐബ്‌ നബി(അ)യോട്‌ ശത്രുസമൂഹം പറയുന്നത്‌ അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ എടുത്തുപറയുന്നു (11:87). എതിരാളിയെപ്പോലും അംഗീകരിക്കുന്ന അവരുടെ നല്ല ഗുണത്തെ അല്ലാഹു അംഗീകരിക്കുന്നു. കൂട്ടത്തിലുള്ളവരുടെ ഗുണങ്ങളെപ്പോലും അംഗീകരിക്കാത്തവര്‍ക്കുള്ള മുന്നറിയിപ്പുമാണിത്‌.


വിമര്‍ശനങ്ങളെ സ്വീകരിക്കുകയും അതേസമയം ആരെയും കഠിനവാക്കുകള്‍ കൊണ്ട്‌ രൂക്ഷമായി അക്രമിക്കാതിരിക്കാനുമാണ്‌ നമുക്കുള്ള നിര്‍ദേശം. നാം ഇഷ്‌ടപ്പെടാത്തതു പോലെ മറ്റുള്ളവരും വിമര്‍ശനം ഇഷ്‌ടപ്പെടുന്നില്ലല്ലോ. വിമര്‍ശനവും പ്രശംസയും സൂക്ഷ്‌മമാകണമെന്നു ചുരുക്കം.


സുഫ്‌യാനുബ്‌നു ഉയയ്‌നയുടെ നല്ലൊരു വാക്കുണ്ട്‌: ``സ്വയം തിരിച്ചറിഞ്ഞവന്‌ മുഖസ്‌തുതി ഉപദ്രവമാകില്ല.''


തന്നെ പുകഴ്‌ത്തിപ്പാടിയവനോട്‌ ഉമറുബിനു അബ്‌ദില്‍ അസീസ്‌ പറഞ്ഞതിങ്ങനെ: ``നിര്‍ത്തുക. നിങ്ങളെക്കാള്‍ എന്നെ എനിക്ക്‌ നന്നായി അറിയാം.''


``താങ്കളൊരു ലോകമാന്യനാണ്‌'' എന്ന്‌ പറഞ്ഞ ഭാര്യയോട്‌ മാലിക്‌ബ്‌നു ദീനാര്‍ പറഞ്ഞത്രെ: ``ബസ്വറയില്‍ ഇത്രകാലം ജീവിച്ചിട്ടും ആരും കണ്ടെത്താത്ത സത്യം നിനക്കെങ്ങനെ കിട്ടി?''


ശരി, വിമര്‍ശനങ്ങളെ ക്ഷമയോടെ സ്വീകരിക്കുക. നന്മയെ പിശുക്കില്ലാതെ പ്രശംസിക്കുക. പോരായ്‌മകളെ സ്വകാര്യമായി തിരുത്തുക. മുന്‍വിധികളില്ലാതെ സഹവസിച്ചും അതിരുകളില്ലാതെ സ്‌നേഹിച്ചും എല്ലാവരിലും നല്ല ഓര്‍മകള്‍ ബാക്കിയാക്കാനായാല്‍ അതാണ്‌ വിജയം.