ഗാന്ധിജി
ഇസ്ലാമിനെക്കുറിച്ചും ഖുറാനെക്കുറിച്ചും അറിവുനേടിയപ്പോള്‍ മുഹമ്മദ് പ്രവാചകന്റെ ജീവിതം ഗാന്ധിജിയെ ഏറെ സ്വാധീനിച്ചു. വിഗ്രഹാരാധനയെയും ഭോഗപരമായ ജീവിതത്തെയും മദ്യപാനത്തെയും പ്രവാചകന്‍ വിമര്‍ശിച്ചു. അദ്ദേഹം തന്റെ കുടുംബത്തിലാണ് തന്റെ തത്വങ്ങള്‍ ആദ്യമായി പരീക്ഷിച്ചത്. ക്രിസ്തുമതത്തിലും യൂദായിസത്തിലും കടന്നുകൂടിയ കലര്‍പ്പുകള്‍ക്കുനേരെയുള്ള ഉയര്‍ത്തെഴുന്നേല്‍പായിട്ടാണ് ഇസ്ലാമിന്റെ വരവിനെ ഗാന്ധിജി കണ്ടത്. പ്രവാചകന് ദൈവത്തില്‍ അനന്തമായ വിശ്വാസമുണ്ടായിരുന്നു. ദൈവം നിങ്ങളുടെയുള്ളില്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ ഒറ്റയ്ക്കല്ല എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇസ്ലാം വാളിന്റെ മതമല്ല. ഇസ്ലാമിന്റെ വിജയം അതിന്റെ ലാളിത്യമാണ്. മനുഷ്യന്റെ ദൗര്‍ബല്യങ്ങളെ അത് തിരിച്ചറിഞ്ഞു എന്നതിലാണ്. ഇസ്ലാം മതാചാരങ്ങളിലെ ഏറ്റവും ആകര്‍ഷണീയത ഗാന്ധിജി കണ്ടിരുന്നത് ലോകത്തിലെ മറ്റേതൊരു മതവും ചെയ്യാത്തതുപോലെ ഇസ്ലാമിലേക്ക് എത്തിയ എല്ലാറ്റിനെയും തുല്യമായി കണ്ടു എന്ന ആശയം.
അതുപോലെ ഉപവാസംപോലെയുള്ള ഇന്ദ്രിയനിഗ്രഹത്തിലൂടെ ആത്മീയപരിശുദ്ധി നേടുക എന്ന ഇസ്ലാംമതത്തിന്റെ ഉദ്ബോധനം അദ്ദേഹത്തെ സ്വാധീനിച്ചു. അത് ഗാന്ധിജിയുടെ ജീവിതദര്‍ശനത്തിന്റെ ഭാഗമായി മാറി. സഹനം മനുഷ്യമോചനത്തിന്റെ അടിസ്ഥാനമാണെന്ന് ഗാന്ധിജി കണ്ടു. ഇസ്ലാംമതം കരുത്ത് നേടിയത് വാളിന്റെ ശക്തികൊണ്ടല്ല, പ്രത്യുത ഇസ്ലാമിലെ ഫക്കീര്‍മാരുടെ ആത്മാഹൂതിയിലൂടെ മാത്രമാണ് എന്നദ്ദേഹം വിശ്വസിച്ചു. ഇന്ന് മതാചാരങ്ങളുടെ ഉപരിപ്ലവതയും അന്തസത്തയും തെറ്റായി പ്രചരിപ്പിക്കുന്ന മതാരാധകരുടെ സംഖ്യ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയും അവരുടെ സ്വാധീനം സാധാരണജനതയില്‍ തെറ്റായചിന്തകള്‍ വളര്‍ത്തുകയും ചെയ്യുമ്പോള്‍ ഗാന്ധിജിയുടെ സമീപനം മാത്രമാണ് അനുകരണീയം.


No comments:
Post a Comment