Wednesday, May 5, 2010

വിവാഹം ഇസ്ലാമില്‍
സ്ത്രീയും പുരുഷനും തമ്മിലുള്ള ശാരീരികവും മാനസികവും ആത്മീയവുമായ പങ്കുവെപ്പിന്റെ ഉദാത്തമായ അവസ്ഥയാണ്‌ വിവാഹം. ജീവിതത്തിലെ സംഘര്‍ഷങ്ങളില്‍നിന്നും പിരിമുറുക്കങ്ങളില്‍നിന്നുമുള്ള സമ്പൂര്‍ണമായ വിമോചനവും വിവരണാതീതമായ സംതൃപ്തിയും സമാധാനവുമാണ്‌ വൈവാഹിക ജീവിതത്തിലൂടെ ഇസ്ലാം ലക്ഷ്യമാക്കുന്നത്‌. ഖുര്‍ആന്‍ ഈ വസ്തുത ഇപ്രകാരം വിശദീകരിക്കുന്നു: 'നിങ്ങള്‍ക്ക്‌ സമാധാനപൂര്‍വം ഒത്തുചേരേണ്ട തിനായി നിങ്ങളില്‍നിന്നുതന്നെ ഇണകളെ സൃഷ്ടിക്കുകയും നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും നിറക്കുകയും ചെയ്തത്‌ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും ചിന്തിക്കുന്ന ജനത്തിന്‌ അതില്‍ ദൃഷ്ടാന്തങ്ങളുണ്ട് '(30:21).
വിവാഹം ഒരു പുണ്യകര്‍മം
ബ്രഹ്മചര്യത്തെയോ സന്യാസത്തെയോ ഇസ്ലാം അംഗീകരിക്കുന്നില്ല; വൈവാഹിക ബന്ധത്തെയും കുടുംബ ജീവിതത്തെയും പ്രോത്സാഹിപ്പിക്കുന്നു. പ്രവാചകന്‍(സ) പറഞ്ഞു: 'അല്ലയോ, യുവ സമൂഹമേ, നിങ്ങളില്‍ വിവാഹം കഴിക്കാന്‍ പ്രാപ്തിയുള്ളവര്‍ അപ്രകാരം ചെയ്യട്ടെ. തീര്‍ച്ചയായും നിങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിക്കുന്നതിനും ലൈംഗിക വിശുദ്ധി കാത്തുസൂക്ഷിക്കുന്നതിനും അത്‌ കാരണമായിത്തീരും (ബുഖാരി, മുസ്ലിം).
'വല്ലവനും വിവാഹിതനായാല്‍ മതത്തിന്റെ പാതി അവന്‍ പൂര്‍ത്തീകരിച്ചു. പിന്നീട്‌, അവശേഷിക്കുന്ന അര്‍ധാംശത്തില്‍ അവന്‍ അല്ലാഹുവിനെ സൂക്ഷിച്ചുകൊള്ളട്ടെ' (ബൈഹഖി). വിവാഹം വേണ്ടെന്നും ഭൗതിക സുഖങ്ങള്‍ ഉപേക്ഷിക്കുകയാണെന്നും ശപഥം ചെയ്തുകൊണ്ട് പ്രവാചകന്റെ മുമ്പില്‍വന്ന ചിലരോട്‌ അവിടുന്ന്‌ പ്രതികരിച്ചത്‌ ഇപ്രകാരമായിരുന്നു: 'അറിയുക; നിങ്ങളില്‍ ഏറ്റവും കൂടുതല്‍ അല്ലാഹുവിനോട്‌ ഭക്തിയും സൂക്ഷ്മതയുമുള്ളവന്‍ ഞാനാണ്‌. ഞാന്‍ നോമ്പനുഷ്ഠിക്കുകയും നോമ്പ്‌ മുറിക്കുകയും ചെയ്യാറുണ്ട് . രാത്രി ഉറങ്ങുകയും നമസ്കരിക്കുകയും ചെയ്യുന്നു. വിവാഹം കഴിച്ചിട്ടുമുണ്ട് . അതിനാല്‍ , ആര്‍ എന്റെ മാര്‍ഗത്തോട്‌ വിപ്രതിപത്തി കാണിക്കുന്നുവോ അവന്‍ നമ്മില്‍ പെട്ടവനല്ല' (ബുഖാരി, മുസ്ലിം).
സുദൃഢമായ കരാര്‍
'സുദൃഢമായ കരാര്‍ ' എന്നാണ്‌ വൈവാഹിക ബന്ധത്തെ ഖുര്‍ആന്‍ വിശേഷിപ്പിച്ചിരിക്കുന്നത്‌ (4:21). എല്ലാ കരാറുകളും പൂര്‍ത്തീകരിക്കാന്‍ കടപ്പെട്ടവരാണ്‌ വിശ്വാസികള്‍ . എന്നാല്‍ കരാറുകളില്‍ ഏറ്റവും ഗുരുതരമായ കരാര്‍ വിവാഹ ഉടമ്പടിയാണ്‌. പ്രവാചകന്‍(സ) പറഞ്ഞു: 'ലൈംഗിക ബന്ധം നിയമവിധേയമാവാന്‍ വേണ്ടി നിങ്ങള്‍ നടത്തുന്ന കരാറാണ്‌ ഉടമ്പടികളില്‍വെച്ച്‌ പാലിക്കാന്‍ ഏറ്റവും കൂടുതല്‍ കടപ്പെട്ടത്‌' (ബുഖാരി).
പരസ്പരം കാണല്‍

വിവാഹിതരാവാന്‍ പോവുന്ന സ്ത്രീയും പുരുഷനും പരസ്പരം കാണുകയും തൃപ്തിപ്പെടുകയും ചെയ്യേണ്ടതുണ്ട് . ദാമ്പത്യജീവിതം ഭദ്രവും സന്തോഷപ്രദവുമാകാന്‍ അത്‌ അനിവാര്യമാണ്‌. പ്രവാചകന്‍(സ) പറഞ്ഞു: 'നിങ്ങളിലാരെങ്കിലും വിവാഹാന്വേഷണം നടത്തുകയാണെങ്കില്‍ ആ വിവാഹത്തിന്‌ പ്രചോദകമായ വല്ലതും അവളിലുണ്ടോ എന്ന്‌ നോക്കാന്‍ സാധിച്ചാല്‍ അങ്ങനെ ചെയ്യട്ടെ' (അഹ്മദ്‌, അബൂദാവൂദ്‌). മുഗീറത്തുബ്നു ശുഅ്ബ(റ)യില്‍നിന്ന്‌: അദ്ദേഹം ഒരു സ്ത്രീയെ വിവാഹാലോചന നടത്തി. അപ്പോള്‍ നബി(സ) നിര്‍ദേശിച്ചു: 'നീ അവളെ കാണുക. നിങ്ങള്‍ക്കിടയില്‍ യോജിപ്പും ചേര്‍ച്ചയുമുണ്ടാവാന്‍ ഏറ്റവും നല്ലത്‌ അതത്രെ' (അഹ്മദ്‌, ഇബ്നു മാജ)
.വധുവിന്റെ സമ്മതം
സ്ത്രീയുടെ സമ്മതമോ അനുവാദമോ ആരായാതെ നടത്തപ്പെടുന്ന ഏകപക്ഷീയമായ വിവാഹങ്ങളെ ഇസ്ലാം അംഗീകരിക്കുന്നില്ല. ഇണകളുടെ മനഃപൊരുത്തം അന്വേഷിക്കുകയും അവര്‍ക്ക്‌ തൃപ്തികരമെങ്കില്‍ മാത്രം വിവാഹം നടത്തുകയും ചെയ്യുന്നതിനെയാണ്‌ ദീന്‍ അനുകൂലിക്കുന്നത്‌. പ്രവാചകന്‍(സ) പ്രസ്താവിച്ചു: 'വിധവയുടെ കാര്യം തീരുമാനിക്കാനുള്ള അധികാരം അവള്‍ക്കുതന്നെയാണ്‌; രക്ഷിതാവിനല്ല. കന്യകയെ വിവാഹം ചെയ്തുകൊടുക്കുമ്പോള്‍ അവളുടെ സമ്മതം ആരായേണ്ടതുമുണ്ട് ' അനുചരന്മാര്‍ ചോദിച്ചു: 'അല്ലാഹുവിന്റെ ദൂതരേ, കന്യകയുടെ സമ്മതം എങ്ങനെയാണ്‌ അറിയാന്‍ കഴിയുക?' അവിടുന്ന്‌ പറഞ്ഞു: 'അവളുടെ മൗനം സമ്മതമായി കണക്കാക്കേണ്ടതാണ്‌' (മുസ്ലിം, തിര്‍മുദി)
.ആദര്‍ശപ്പൊരുത്തം
ഇണയെ തെരഞ്ഞെടുക്കുമ്പോള്‍ ആദര്‍ശപ്പൊരുത്തത്തിനും ദീനീനിഷ്ഠക്കും മുന്‍ഗണന കല്‍പിക്കണമെന്ന്‌ പ്രവാചകന്‍(സ) ഉണര്‍ത്തിയിട്ടുണ്ട് . 'നാലു കാര്യങ്ങള്‍ പരിഗണിച്ചുകൊണ്ടാണ്‌ സ്ത്രീകള്‍ വിവാഹം ചെയ്യപ്പെടാറുള്ളത്‌. ധനം, തറവാട്‌, സൗന്ദര്യം, ദീനീ നിഷ്ഠ എന്നിവയാണത്‌. നിങ്ങള്‍ മതനിഷ്ഠയുള്ളവളെ വിവാഹം ചെയ്യുകയും വിജയം നേടുകയും ചെയ്യുവിന്‍' (ബുഖാരി, മുസ്ലിം, അബൂദാവൂദ്‌). ധനം, തറവാട്‌, സൗന്ദര്യം എന്നിവ സ്ഥായിയല്ല. അവ ഏറിയും കുറഞ്ഞുമിരിക്കും. കുലമഹിമ ആപേക്ഷികമാണ്‌. കുടുംബങ്ങളിലുണ്ടാവുന്ന ഏതെങ്കിലും അപമാനകരമായ സംഭവങ്ങളാല്‍ മഹിമ നഷ്ടപ്പെടാം. സൗന്ദര്യവും അപ്രകാരം തന്നെ. രോഗമോ വാര്‍ധക്യമോ കാരണമായി അതും നഷ്ടപ്പെടാം. അതുകൊണ്ടെല്ലാമാണ്‌ മതനിഷ്ഠയുള്ളവളെ മുറുകെപിടിച്ച്‌ വിജയം നേടാന്‍ പ്രവാചകന്‍(സ) മുന്നറിയിപ്പ്‌ നല്‍കുന്നത്‌. 'ഇഹലോകം മുഴുവന്‍ വിഭവമാണ്‌; അതിലെ ഏറ്റവും മികച്ച വിഭവം സദ്‌വൃത്തയായ സ്ത്രീയാണ്‌' (മുസ്ലിം). അബൂ ഉമാമ(റ)യില്‍നിന്ന്‌ നിവേദനം: നബി(സ) പറഞ്ഞു: 'സത്യവിശ്വാസിക്ക്‌ അല്ലാഹുവിനെ കുറിച്ച സൂക്ഷ്മത കഴിഞ്ഞാല്‍ പിന്നീട്‌ ഏറ്റവുമധികം ഗുണം ചെയ്യുക, സദ്‌വൃത്തയായ സഹധര്‍മിണിയാണ്‌' (ഇബ്നുമാജ).
പുരുഷന്റെ കാര്യത്തിലും ആദര്‍ശപ്പൊരുത്തം പരിഗണിക്കണമെന്ന്‌ ഇസ്ലാം ഓര്‍മപ്പെടുത്തുന്നു. പ്രവാചകന്‍(സ) പറഞ്ഞു: 'തൃപ്തികരമായ മതനിഷ്ഠയും സംസ്കാരവുമുള്ള ഒരാള്‍ നിങ്ങളോട്‌ വിവാഹാലോചന നടത്തിയാല്‍ അയാള്‍ക്കു നിങ്ങള്‍ വിവാഹം ചെയ്തുകൊടുക്കുക. അപ്രകാരം ചെയ്യുന്നില്ലെങ്കില്‍ ഭൂമിയില്‍ വമ്പിച്ച കുഴപ്പവും നാശവുമുണ്ടാ യിത്തീരും' (തിര്‍മുദി)

രക്ഷാകര്‍തൃത്വം
വിവാഹ കര്‍മത്തിലെ ഒരു പ്രധാന കണ്ണിയാണ്‌ വലിയ്യ് അഥവാ രക്ഷാധികാരി. ഉത്തരവാദപ്പെട്ട ഒരു വ്യക്തിയില്‍നിന്നായിരിക്കണം പുരുഷന്‍ തന്റെ ഭാര്യയെ ഏറ്റെടുക്കേണ്ട ത്‌. പ്രവാചകന്‍(സ) പറഞ്ഞു: 'വലിയ്യ് കൂടാതെ വിവാഹം സാധുവാകുകയില്ല.' വധുവിന്റെ ഏറ്റവും അടുത്ത ബന്ധുവായിരിക്കും അവളുടെ വലിയ്യ്‌. പിതാവ്‌, പിതാമഹന്‍, പിതൃവ്യന്‍, സഹോദരന്‍ എന്നിങ്ങനെയാണ്‌ അതിന്റെ മുന്‍ഗണനാക്രമം. ഒരു സ്ത്രീക്ക്‌ രക്ഷാധികാരികള്‍ ഇല്ലാതിരിക്കുകയോ ഉള്ള രക്ഷാധികാരികള്‍ തന്നെ വിവാഹം ചെയ്തുകൊടുക്കാന്‍ സന്നദ്ധരാവാതിരിക്കുകയോ ചെയ്യുന്ന ഘട്ടത്തില്‍ അവള്‍ക്ക്‌, തന്നെ വിവാഹം ചെയ്തുകൊടുക്കാനുള്ള അവകാശം മറ്റൊരാളെ ഏല്‍പിക്കാവുന്നതാണ്‌. അത്‌ അധികാരിയോ അല്ലെങ്കില്‍ തനിക്കിഷ്ടപ്പെട്ട മറ്റുവല്ലവരുമോ ആകാവുന്നതാണ്‌. അതുപോലെതന്നെ, ഇത്തരം വിഷമാവസ്ഥകളില്‍ അധികാരിക്ക്‌ സ്വയം അവളുടെ രക്ഷാകര്‍തൃത്വം ഏറ്റെടുക്കുകയും ചെയ്യാവുന്നതാണ്‌.
വിവാഹമൂല്യം
വിവാഹത്തോടനുബന്ധിച്ച്‌ നിര്‍ബന്ധമായും വരന്‍ വധുവിന്‌ നല്‍കേണ്ട വിവാഹ മൂല്യമാണ്‌ 'മഹ്ര്.' ചെറുതും വലുതുമായ എന്തും മഹ്‌റായി നല്‍കാം. പണമോ സ്വര്‍ണാഭരണങ്ങളോ തൊഴിലുപകരണങ്ങളോ എന്തുമാവാം. സ്ത്രീയെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതിന്റെ പ്രതീകമാണ്‌ മഹ്ര്. ഖുര്‍ആന്‍ വ്യക്തമാക്കുന്നു: 'അവരുടെ രക്ഷിതാക്കളുടെ അനുമതിയോടെ അവരെ നിങ്ങള്‍ വിവാഹം ചെയ്യുക. അവരുടെ വിവാഹമൂല്യം ന്യായമായ നിലയില്‍ നിങ്ങള്‍ അവര്‍ക്ക്‌ നല്‍കുകയും ചെയ്യുക' (4:25). 'സ്ത്രീകള്‍ക്ക്‌ അവരുടെ വിവാഹമൂല്യം മനഃസംതൃപ്തിയോടെ നിങ്ങള്‍ നല്‍കേണ്ട താണ്‌' (4:4). അക്രമം, ചതി, അന്യായമായ പ്രേരണ, അവിഹിത മാര്‍ഗം എന്നിവയിലൂടെ വിവാഹമൂല്യം മടക്കിയെടുക്കാന്‍ ശ്രമിക്കുന്നത്‌ ഗുരുതരമായ കുറ്റമാണ്‌: അല്ലാഹു ചോദിക്കുന്നു: 'വ്യാജാരോപണം നടത്തിയും വ്യക്തമായ കുറ്റമായിക്കൊണ്ടും നിങ്ങള്‍ അത്‌ തിരിച്ചു വാങ്ങുകയോ? നിങ്ങളന്യോന്യം അലിഞ്ഞുചേരുകയും അവര്‍ നിങ്ങളില്‍നിന്ന്‌ സുദൃഢമായ കരാര്‍ വാങ്ങുകയും ചെയ്തതിന്‌ ശേഷം എങ്ങനെയാണ്‌ നിങ്ങളത്‌ തിരിച്ചെടുക്കുക? (4:20-21).
വരന്റെ സാധ്യത, വധുവിന്റെ യോഗ്യത എന്നിവ പരിഗണിച്ചാണ്‌ വിവാഹമൂല്യം തീരുമാനിക്കേണ്ട ത്‌. വിവാഹ സമയത്തുതന്നെ മഹ്ര് നല്‍കുന്നതാണ്‌ കൂടുതല്‍ നല്ലത്‌; എന്നാല്‍ വിവാഹം കഴിഞ്ഞതിന്‌ ശേഷവും ആകാവുന്നതാണ്‌.
വിവാഹകര്‍മം

ലളിതവും അനായാസവുമാണ്‌ ഇസ്ലാമിലെ വിവാഹകര്‍മം. വരന്‍, വധുവിന്റെ രക്ഷിതാവ്‌, രണ്ട് സാക്ഷികള്‍ - ഇത്രയും മതി ഒരു വിവാഹം നടക്കാന്‍. വധുവിന്റെ രക്ഷിതാവ്‌ വരനോട്‌ 'എന്റെ അധീനതയിലുള്ള ഇന്ന സ്ത്രീയെ ഞാന്‍ താങ്കള്‍ക്ക്‌ വിവാഹം ചെയ്തു തന്നിരിക്കുന്നു' എന്നു പറയുകയും അതിനു മറുപടിയായി വരന്‍ 'ഞാന്‍ അത്‌ സ്വീകരിച്ചിരിക്കുന്നു' എന്നു പറയുകയും ചെയ്യണം. നീതിമാന്മാരായ രണ്ട് പേര്‍ ഈ കര്‍മത്തിന്‌ സാക്ഷികളായി ഉണ്ടായിരിക്കണം. പ്രവാചകന്‍(സ) പറഞ്ഞു: 'നീതിമാന്മാരായ രണ്ട് സാക്ഷികളും വലിയ്യും ഇല്ലാതെ വിവാഹം ശരിയാവുകയില്ല' (ദാറുഖുത്നി)
വിവാഹ ഖുത്ബ
വിവാഹ വേളയില്‍ വൈവാഹിക ബന്ധത്തെക്കുറിച്ചും മറ്റും സന്ദര്‍ഭോചിതമായി ഒരു ചെറിയ പ്രസംഗം നടത്തുന്നതിന്‌ വിരോധമില്ല. ശ്രോതാക്കള്‍ക്ക്‌ മനസ്സിലാവുന്ന ഭാഷയിലും ശൈലിയിലുമായിരിക്കണം അത്‌. അബ്ദുല്ല(റ)യില്‍നിന്ന്‌ നിവേദനം: 'അല്ലാഹുവിന്റെ ദൂതന്‍ ഞങ്ങള്‍ക്ക്‌ വിവാഹ പ്രസംഗം പഠിപ്പിക്കുകയുണ്ടായി' (അബൂദാവൂദ്‌).
വിവാഹ സദ്യ
ലളിതമായ രീതിയില്‍ വരന്‍ തന്റെ ബന്ധുക്കള്‍ക്കും സുഹൃത്തുകള്‍ക്കും വേണ്ടി ഒരു വിവാഹ സദ്യ നടത്തുന്നതും പ്രവാചക മതൃകയില്‍ പെട്ടതാണ്‌. ധൂര്‍ത്തും ദുര്‍വ്യയവും പൊങ്ങച്ച പ്രകടനവുമാവരുത്‌ അതിന്റെ ലക്ഷ്യം. പ്രവാചകന്‍(സ) പറഞ്ഞു: 'ഒരു ആടിനെ അറുത്തെങ്കിലും വിവാഹസദ്യ നടത്തുക (മുസ്ലിം).

No comments: